കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയൊഴിയുന്നില്ല. അപകടകാരണം കണ്ടെത്താനാകാതെ അന്വേഷണസംഘം കുഴങ്ങുകയാണ്. പ്രാഥമിക പരിശോധനയിൽ കാറിന് ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന് തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ ഫോറൻസിക് പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കൃത്യമായി പറയാൻ സാധിക്കൂ എന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പും (MVD) പോലീസും.
കൂടുതൽ രാസപരിശോധനകൾക്കായി സംഭവസ്ഥലത്തു നിന്നും വാഹനത്തിൽ നിന്നും അന്വേഷണസംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനകൾ വേഗത്തിലാക്കാനാണ് പോലീസിന്റെ നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. അപകടത്തിൽ മരിച്ച സോനയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റീജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.






