തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി ഡി സതീശൻ ഇന്ന് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾ ഉൾപ്പെടെ 20 യുഡിഎഫ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുക. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിനെ തുടർന്ന് തലസ്ഥാനത്ത് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ വേദിയിൽ ഉണ്ടാകൂവെന്ന് രാജ്ഭവൻ അറിയിച്ചിട്ടുണ്ട്. വി ഡി സതീശന് പുറമെ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. ആശ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കുന്നതും, കൊച്ചി മാതൃകയിൽ സംസ്ഥാനമൊട്ടാകെ ഇന്ദിര കാന്റീനുകൾ, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മന്ത്രിസഭ പരിഗണിക്കുമെന്നാണ് സൂചന.






