കൊൽക്കത്ത: അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമം, സർക്കാർ അവഗണന, വിലക്കയറ്റം എന്നിവ മൂലം പശ്ചിമ ബംഗാളിലെ പരമ്പരാഗത ചണ വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഹൂഗ്ലി വ്യവസായ മേഖലയിൽ മാത്രം കുറഞ്ഞത് 14 ചണ മില്ലുകൾ ഇതിനകം പ്രവർത്തനം താൽക്കാലികമായി നിർത്തുകയോ ഉത്പാദനം കുറയ്ക്കുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ ഏകദേശം 75,000 തൊഴിലാളികൾ തൊഴിൽ നഷ്ട ഭീഷണിയിലായി. പ്രതിസന്ധി തുടർന്നാൽ ഈ മേഖലയിൽ ആശ്രയിച്ച് കഴിയുന്ന രണ്ട് ലക്ഷത്തോളം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകുമെന്നും മുന്നറിയിപ്പുണ്ട്. അനുബന്ധ മേഖലകളിലെ പതിനായിരക്കണക്കിന് പേരുടെ ഉപജീവനവും അപകടത്തിലായിരിക്കുകയാണ്.
കഴിഞ്ഞ ജനുവരി ഒന്നിന് ഒരു ക്വിന്റൽ അസംസ്‌കൃത ചണത്തിന്റെ വില 11,600 രൂപയായിരുന്നതു മെയ് ആദ്യവാരത്തോടെ 17,100 രൂപയായി ഉയർന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞ തറവിലയായ 5,650 രൂപയുടെ മൂന്നിരട്ടിയിലധികമാണിതെന്ന് ഇന്ത്യൻ ചണ മിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.






