കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് നിർമാണം നടക്കുന്ന ദേശീയപാതയിൽ നിന്ന് മണ്ണും ചെളിയും വീടുകളിലേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാർ ദുരിതത്തിലായി. കഴിഞ്ഞ വർഷവും ചെളി കയറിയ വീടുകളിലാണ് മഴ പെയ്തതോടെ വീണ്ടും പ്രശ്നം രൂക്ഷമായത്.
ചെളി ഒഴുകുന്നത് തടയാൻ പരിഹാരമില്ലാത്തതിനാൽ നാട്ടുകാർ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞിരുന്നു. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിർമാണം നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീടുകളുടെ മുറ്റങ്ങളിലേക്ക് ചെളി ഒഴുകിയെത്തി. ഇന്ന് പുലർച്ചെ പെയ്ത ശക്തമായ മഴയിൽ ഏകദേശം 20 വീടുകളിൽ ചെളി കയറി. സിഎച്ച് നഗർ റോഡും ചെളിയിൽ മുങ്ങിയതോടെ കാൽനട യാത്ര പോലും അസാധ്യമായി. അറുപതിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ റോഡ് നാട്ടുകാർ രാവിലെ തന്നെ വൃത്തിയാക്കി.
കഴിഞ്ഞ വർഷം ഇതേ പ്രദേശത്തെ വീടുകളിൽ നാല് അടി വരെ ചെളി അടിഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താൽക്കാലിക ചാലും മണൽച്ചാക്ക് തടയണയും നിർമ്മിച്ചിരുന്നു. എന്നാൽ ഇത് ചെളി കൊണ്ട് മൂടപ്പെട്ടതോടെ വീണ്ടും പ്രശ്നം ആവർത്തിക്കുകയായിരുന്നു.
കുപ്പം കപ്പണത്തട്ടിലെ നിർമാണ സ്ഥലത്ത് മുൻപ് ഉണ്ടായ മണ്ണിടിച്ചിലും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മഴക്കാലം ശക്തമാകുന്നതോടെ വീണ്ടും അപകടസാധ്യതയുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. ആർഡിഒ എസ്. വന്ദനയും വില്ലേജ് ഓഫീസർ വിനോദ് കുമാറും സ്ഥലത്തെത്തി പരിശോധന നടത്തി. റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.






