ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിനിയായ നവ്യ ഗഡുസു (25) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് ആറുപേർക്ക് പരിക്കേറ്റു.
ഇന്ത്യാന സംസ്ഥാനത്തിലെ ലേക്ക് കൗണ്ടിയിലെ ക്രൗൺ പോയിന്റിന് സമീപമുള്ള ഇന്റർസ്റ്റേറ്റ് 65 പാതയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഏഴുപേർ സഞ്ചരിച്ചിരുന്ന മിനിവാൻ മറ്റൊരു വാഹനത്തിന് പിന്നിൽ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിവാൻ മറിഞ്ഞു.
മിനിവാനിൽ മുൻവശത്ത് രണ്ട് സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റ് യാത്രക്കാർ പിന്നിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വിദ്യാർഥിനിയുടെ മരണത്തിൽ ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി.






