കോട്ടയം: രണ്ടുദിവസമായി പൊൻകുന്നം–ചിറക്കടവ് മേഖലയിൽ അലഞ്ഞുതിരിഞ്ഞ് കണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മരത്തിൽ തൂങ്ങി മരിച്ചു. ഹിന്ദി സംസാരിക്കുന്നതായി തിരിച്ചറിഞ്ഞ ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നാനോസിറ്റി പ്രദേശത്ത് മരത്തിൽ കയറിയ യുവാവിനെ കണ്ട നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ രക്ഷാപ്രവർത്തകർ എത്തുന്നതിന് മുൻപേ കൈവശമുണ്ടായിരുന്ന തോർത്തുപയോഗിച്ച് ഇയാൾ മരത്തിൽ ഏകദേശം 35 അടി ഉയരത്തിൽ തൂങ്ങുകയായിരുന്നു.
അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. തുടർന്ന് മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമാറ്റത്തിൽ നിന്ന് ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.






