ആലപ്പുഴ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായ മണിമല കറിക്കാട്ടൂർ വയലിൽ ജയപ്രകാശിന്റെ മകൻ ജോയൽ ആന്റണി പ്രകാശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം ഉണ്ടായത്. മംഗലം പാറക്കടവിൽ മൂന്ന് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജോയൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ചെങ്ങന്നൂർ ഫയർഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തി. എന്നാൽ ഇരുട്ടും നദിയിലെ ആഴവും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ശനിയാഴ്ച രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് രാവിലെ പത്തരയോടെ ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്.






