ന്യൂഡൽഹി: പാകിസ്താനിലെ ഇസ്ലാമാബാദിൽ അൽ ബദർ കമാൻഡർ ഹംസ ബുർഹാന്റെ ശവസംസ്‌കാര ചടങ്ങിൽ നിരവധി ഭീകരർ പങ്കെടുത്തതായി റിപ്പോർട്ട്. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇന്ത്യയിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം പാകിസ്താനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹംസ ബുർഹാനെ കഴിഞ്ഞ ദിവസം അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അർജുമാൻത് ഗുൽസാർ ദാർ എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ ഇന്ത്യ ഇയാളെ തിരഞ്ഞുവരികയായിരുന്നു.
ശവസംസ്‌കാര ചടങ്ങിൽ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീനും അൽ ബദർ നേതാവ് ഭക്ത് സമീൻ ഖാനും പങ്കെടുത്തതായി ദൃശ്യങ്ങളിൽ കാണാം. ചടങ്ങിൽ വൻ സുരക്ഷാ സന്നാഹവും ഒരുക്കിയിരുന്നു. ആധുനിക ആയുധങ്ങളുമായി നിരവധി സായുധർ സ്ഥലത്ത് ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
പാകിസ്താൻ ഭീകരർക്ക് സുരക്ഷയും അഭയവും നൽകുന്നുവെന്ന ഇന്ത്യയുടെ ആരോപണത്തിന് ഈ സംഭവങ്ങൾ കൂടുതൽ തെളിവാണെന്ന് നിരീക്ഷകർ പറയുന്നു. ഇതിനുമുമ്പും പാകിസ്താനിലെ ചില ചടങ്ങുകളിൽ ഭീകര സംഘടനാ നേതാക്കളും രാഷ്ട്രീയ നേതാക്കളും ഒരുമിച്ച് പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നിരുന്നു.






