കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കായണ്ണ നരിനട സ്വദേശി സിദ്ധാർഥാണ് മരിച്ചത്. ബാലുശ്ശേരി– കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിടയ്ക്ക് സമീപത്താണ് അപകടം നടന്നത്. സിദ്ധാർഥ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഉച്ചയോടെ സമീപത്തെ വീട്ടുകാർ അപകടത്തിൽപ്പെട്ട ബൈക്ക് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സമീപത്തുനിന്ന് സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലായിരിക്കാം അപകടമുണ്ടായതെന്നാണ് പൊലീസ് കരുതുന്നത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ അപകടം ഉടൻ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.






