ഗുവാഹത്തി: മറ്റ് ബിജെപി സംസ്ഥാനങ്ങളുടെ പാത പിന്തുടര്‍ന്ന് അസം സര്‍ക്കാരും ‘ദി യൂണിഫോം സിവില്‍ കോഡ്, അസം, 2026 ബില്‍’ ഔദ്യോഗികമായി നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മയ്ക്ക് വേണ്ടി പാര്‍ലമെന്ററി കാര്യ മന്ത്രി അതുല്‍ ബോറയാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചത്.
വിവാഹം, വിവാഹമോചനം, സ്വത്ത് പിന്തുടര്‍ച്ചാവകാശം, ലിവ്-ഇന്‍ ബന്ധങ്ങള്‍ എന്നിവയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരൊറ്റ സിവില്‍ നിയമം ബാധകമാക്കുന്നതാണ് ഈ പുതിയ നിയമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തങ്ങളുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പാലിക്കുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഈ ബില്ലിലൂടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കള്‍ വിഭാവനം ചെയ്ത തുല്യത ഉറപ്പാക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ബഹുഭാര്യത്വവും ഇരട്ട വിവാഹവും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 82 പ്രകാരം ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കും. ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗക്കാരെഈ നിയമത്തിന്റെ പരിധിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. വധുവിന് 18 വയസ്സും വരന് 21 വയസ്സുമെന്ന നിയമപരമായ വിവാഹപ്രായം എല്ലാ മതസ്ഥര്‍ക്കും ഒരേപോലെ ബാധകമാകും.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രാജ്യത്ത് തന്നെ ആദ്യമായി വിപുലമായ നിയന്ത്രണങ്ങള്‍ അസം കൊണ്ടുവരുന്നു എന്നതാണ് ഈ ബില്ലിന്റെ മറ്റൊരു പ്രത്യേകത. ഒരുമിച്ച് താമസം തുടങ്ങി ഒരു മാസത്തിനകം ലിവ്-ഇന്‍ ബന്ധം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇത് വീഴ്ച വരുത്തിയാല്‍ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കും. ലിവ്-ഇന്‍ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൂര്‍ണ്ണമായ നിയമസാധുതയും മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശവും ലഭിക്കും.






