കൊച്ചി: പെരുമ്പാവൂർ താന്നിപ്പുഴയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ശിവരാത്രി കടവിന് സമീപം പെലപ്പിള്ളി വീട്ടിൽ നിഖിൽ സുന്ദരൻ (39) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയായിരുന്നു അപകടം.
വീട്ടുമുറ്റത്ത് തുണി ഉണക്കുന്നതിനായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി സർവീസ് വയർ വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. അഴയിൽ പിടിച്ച നിലയിൽ വീണ് കിടന്നിരുന്ന നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ രാജനും ഷോക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ നിഖിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് സർജന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
നിഖിലിന്റെ ഭാര്യ അഷിതയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒക്കൽ എസ്എൻഡിപി ശാന്തി നിലയത്തിൽ നടക്കും.






