വാഷിംഗ്ടൺ: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. മേഘ്നാബെൻ പട്ടേൽ(45) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ പത്ത് വർഷമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മാസ്കും ഗ്ലൗസും ധരിച്ച ഒരാൾ കടയ്ക്കുള്ളിൽ പ്രവേശിച്ച് മേഘ്നാബെനുമായി സംസാരിക്കുന്നതിനിടെ ജാക്കറ്റിൽ നിന്ന് തോക്കെടുത്ത് വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അവർ താഴെ വീണ ശേഷവും പ്രതി വീണ്ടും വെടിവച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മേഘ്നാബെൻ പട്ടേൽ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ജന്ത്രാൽ ഗ്രാമ സ്വദേശിനിയാണ്. ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷി, മകൻ സ്മിത്ത് എന്നിവരാണ് കുടുംബാംഗങ്ങൾ. മാതാപിതാക്കൾ ഇപ്പോഴും ജന്ത്രാൽ ഗ്രാമത്തിലാണ് താമസിക്കുന്നത്.






