കോഴിക്കോട്: പന്തീരങ്കാവില്‍ വിദ്യാർത്ഥിയെ വീടിനകത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാറക്കുളം സ്വദേശിയായ കാർത്തിക് (19) ആണ് മരിച്ചത്.
കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കാർത്തിക്കിനെ കണ്ടെത്തിയത്. സംഭവം നടന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർത്തിക് ഷൂട്ടിംഗ് പരിശീലനം നടത്തിയിരുന്നുവെന്നാണ് വിവരം. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും പൂർത്തിയായ ശേഷമേ മരണകാരണം വ്യക്തമായി അറിയാനാകൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






