കച്ച്: ഗുജറാത്ത് തീരത്ത് ഏകദേശം 100 കിലോഗ്രാമിലധികം കൊക്കെയ്ൻ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ചേർന്ന് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടി രൂപയോളം വിലമതിക്കുന്ന ഈ ലഹരിമരുന്ന് പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണെന്ന് സംശയിക്കുന്നു. യൂറോപ്യൻ ഉടമസ്ഥതയിലുള്ള കപ്പൽ പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്ന് എത്തിയതായും കടലിൽ വെച്ച് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ കപ്പൽ വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഹരിക്കടത്തിന് പിന്നിലെ സംഘത്തെയും വിതരണ ശൃംഖലയെയും കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ പിടികൂടലാണിത്. മേയ് 23ന് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ദമ്പതികളെ പിടികൂടിയിരുന്നു. ഇവർ കൊക്കെയ്ൻ അടങ്ങിയ ഗുളികകൾ വിഴുങ്ങിയതായി സമ്മതിക്കുകയും പിന്നീട് 1.40 കിലോഗ്രാം കൊക്കെയ്ൻ അടങ്ങിയ 84 ഗുളികകൾ പുറത്തെടുത്തതായും റിപ്പോർട്ടുണ്ട്. അതിന് മുമ്പ് മേയ് 19ന് മുംബൈയിൽ തന്നെ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും മറ്റൊരു സ്ത്രീയിൽ നിന്നുമായി 4.25 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ അടങ്ങിയ 63 ഗുളികകൾ പിടിച്ചെടുത്തിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.






