ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി പൂർണ്ണമായി നിർത്തിവെച്ച് ജപ്പാൻ. രണ്ട് പതിറ്റാണ്ടിനിടെ ആദ്യ നിരോധനമാണിത്. മാമ്പഴങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കയറ്റുമതി വ്യാപാരികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ജപ്പാൻ സർക്കാരിന്റെ പുതിയ തീരുമാനം. പഴവർഗ്ഗങ്ങളിൽ കാണപ്പെടുന്ന കീടബാധയും കർശനമായ ഗുണനിലവാര പരിശോധനകളിൽ വന്ന പാളിച്ചകളുമാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്. ഇതോടെ സീസൺ സമയത്ത് വന്നിരിക്കുന്ന ഈ നിരോധനത്തിൽ കുടുങ്ങിയത് മാമ്പഴ കർഷകരും കയറ്റുമതിക്കാരുമാണ്.
വിലക്കിന് പിന്നിലെ പ്രധാന കാരണം മാമ്പഴങ്ങളിൽ കാണപ്പെടുന്ന ‘ഫ്രൂട്ട് ഫ്ലൈ’ (പഴ ഈച്ചകൾ) പോലുള്ള കീടങ്ങൾ ജപ്പാനിലെ തദ്ദേശീയ കൃഷിയെ ബാധിക്കാതിരിക്കാൻ അവർ കർശനമായ മാനദണ്ഡങ്ങൾ പുലർത്തുന്നുണ്ട്. ജപ്പാന്റെ ക്വാറന്റൈൻ നിയമങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന മാമ്പഴങ്ങൾ കൃത്യമായ വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റിന് വിധേയമാക്കേണ്ടതുണ്ട്.
ഈ പ്രക്രിയയിലൂടെ മാമ്പഴത്തിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ അതിനുള്ളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും പൂർണ്ണമായി നശിപ്പിക്കാൻ സാധിക്കും. എന്നാൽ, ഇന്ത്യയിലെ ചില പ്രോസസിങ് പ്ലാന്റുകളിൽ ഈ പരിശോധനകളിലും സർട്ടിഫിക്കേഷനുകളിലും വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.






