തിരുവനന്തപുരം: കട്ടേല ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിനിടെ വി. മുരളീധരൻ എംഎൽഎ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ വിമർശനം ഉയർന്നു. കുട്ടികളുടെ കൈയിൽ നേരിട്ട് മിഠായി നൽകാതെ കവറിൽ നിന്ന് മേശപ്പുറത്തേക്ക് ഇട്ട് നൽകുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായത്.
മുൻമന്ത്രി വി. ശിവൻകുട്ടിയും സംഭവത്തെ വിമർശിച്ചു. കുട്ടികൾക്ക് മിഠായി നേരിട്ട് കൈയിൽ കൊടുക്കാമായിരുന്നുവെന്നും മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “മാടമ്പിമാരെ പോലെ പെരുമാറി. കേരളത്തെ നാണംകെടുത്തുന്ന പെരുമാറ്റമാണിത്,” എന്നും ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയം നോക്കാതെ, ദൃശ്യങ്ങൾ കണ്ടപ്പോൾ ഉണ്ടായ വേദനയിലാണ് ഈ പ്രതികരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ചടങ്ങിൽ മന്ത്രി എ. തുളസിയും ഉണ്ടായിരുന്നതായി വീഡിയോയിൽ കാണാം. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.






