ഇടതുപക്ഷ സഹയാത്രികനും മുൻമന്ത്രിയുമായ കെടി ജലീൽ സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. 2006 മുതൽ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ആദ്യമായാണ് പാർട്ടി അംഗത്വത്തിനായി അപേക്ഷ നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മലപ്പുറം ജില്ലയിൽ ലീഗിന് മുകളിൽ ഒന്നും പറക്കില്ല എന്ന അവസ്ഥയുണ്ടായിരുന്ന കാലത്ത് ഇടതുപക്ഷത്തിന് ജീവവായു നൽകിയ നേതാവാണ് ജലീൽ. ലീഗിൽ നിന്ന് ബാലപാഠങ്ങൾ പഠിച്ച് ലീഗിനെ പൂട്ടിയ ചരിത്രമുള്ള ജലീൽ പിന്നീടിന്ന് വരെ ലീഗിന്റെ കണ്ണിലെ കരടാണ്.
ഇടതുപക്ഷത്തിന്റെ പ്രധാന ജനപ്രതിനിധിയായിരുന്നിട്ടും പല തവണ എംഎൽഎ ആയിരുന്നിട്ടും പാർട്ടി അംഗത്വമെടുക്കുന്ന കാര്യത്തിൽ ഇത്രയും കാലം കെ.ടി. ജലീൽ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മാറിയതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. എം.എൽ.എ പദവി ഒഴിഞ്ഞതോടെ പാർട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാൻ ജലീലിന് സംഘടനാപരമായ പദവികൾ അനിവാര്യമാണ്. പാർട്ടി അംഗമാകുന്നതോടെ കെ.ടി. ജലീലിന് സി.പി.എം കമ്മിറ്റികളിൽ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാൻ സാധിക്കും. നേരത്തെ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് നേരിട്ട് ഉൾപ്പെടുത്തിയ മാതൃക ജലീലിന്റെ കാര്യത്തിലും മലപ്പുറത്ത് ഉണ്ടായേക്കും.
മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കെ.ടി. ജലീലിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് സി.പി.എമ്മിനും വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ടി.കെ ഹംസ അടക്കമുള്ള മുതിർന്ന സി.പി.എം നേതാക്കൾ സജീവ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ, മലപ്പുറത്ത് പാർട്ടിക്കായി ശക്തമായി വാദിക്കാനും പ്രസംഗിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കെ.ടി. ജലീലിനെപ്പോലൊരു നേതാവിന്റെ സാന്നിധ്യം സി.പി.എമ്മിന് ആവശ്യമാണ്. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കോട്ടകളിൽ ലീഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ജലീലിന്റെ വരവ് മലപ്പുറത്തെ സി.പി.എമ്മിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും.




