കൊല്ലം: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തക്കല സ്വദേശിയായ വിജുവിനെയാണ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
മെയ് 24-ന് അർധരാത്രിയോടെ കൊല്ലം കമ്മിഷണർ ഓഫീസിന് സമീപത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നിരുന്ന രാജേന്ദ്രൻ എന്ന വയോധികൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിലെ വാൽപാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് പ്രത്യേക പൊലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതിയെ വലയിലാക്കാനായത്.
പ്രതി സീരിയൽ കില്ലറാകാമെന്ന ശക്തമായ സംശയവും പൊലീസിനുണ്ട്. ഏപ്രിൽ 19-ന് നടന്ന സമാനമായ മറ്റൊരു വയോധികന്റെ കൊലപാതകവുമായി വിജുവിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കൊല്ലപ്പെട്ട ഇരുവരും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അനാഥരായ വയോധികരായിരുന്നുവെന്നതും കൊലപാതക രീതിയിലുള്ള സാമ്യവുമാണ് ഈ സംശയത്തിന് അടിസ്ഥാനമായിരിക്കുന്നത്.
നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പ്രതിയെ കൊല്ലത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ ആദ്യ കൊലപാതക കേസിലെയും പങ്ക് തെളിയിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.






