കൊച്ചി: മഴക്കാലത്ത് സ്വകാര്യ ബസുകളിലെ ദുരിതങ്ങൾ വർധിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു. ചില ബസുകളുടെ മേൽക്കൂര ചോരുന്നതും മഴവെള്ളം യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നതുമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ബസുകളുടെ വശങ്ങളിലെ കർട്ടനുകൾ കീറിയ നിലയിലായതിനാൽ മഴവെള്ളം അകത്തേക്ക് കയറുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു. ചില ബസുകളിൽ ചവിട്ടുപടികൾ ദ്രവിച്ചതും ഇരിപ്പിടങ്ങൾ കീറിപ്പറിഞ്ഞതും ബോഡിയിലെ തകരുകൾ ഇളകിയ നിലയിലുമാണ്.
മഴക്കാല പരിശോധനയുടെ ഭാഗമായി ബസുകളുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും മോട്ടോർ വാഹന വകുപ്പ് വിലയിരുത്തും. നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതാണ് പല ബസുകളും പെട്ടെന്ന് മോശമാകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
സമയ വിവര പട്ടിക പ്രദർശിപ്പിക്കുന്നുണ്ടോ, സംവരണ സീറ്റുകൾ ശരിയായി അടയാളപ്പെടുത്തിയിട്ടുണ്ടോ, ഡ്രൈവറും കണ്ടക്ടറും യൂണിഫോം ധരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. കൂടാതെ സ്റ്റോപ്പുകളിൽ ബസ് നിർത്താതിരിക്കൽ, വിദ്യാർഥികളെ കയറ്റാതിരിക്കൽ, യാത്രക്കാരോട് മോശമായി പെരുമാറൽ, കാൽനട യാത്രക്കാർക്ക് മേൽ ചെളിവെള്ളം തെറിപ്പിക്കൽ, ടിക്കറ്റുകളിൽ വിവരങ്ങൾ രേഖപ്പെടുത്താതിരിക്കൽ, എയർഹോൺ ഉപയോഗം, വേഗപ്പൂട്ട് തുടങ്ങിയ നിയമലംഘനങ്ങളും പരിശോധനയുടെ ഭാഗമാകും. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി നിയമലംഘനം കണ്ടെത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.






