പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിലെ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ തെറിച്ചുവീണ സംഭവത്തിൽ കർശന നടപടി സ്വീകരിച്ചു മോട്ടോർ വാഹന വകുപ്പ്. പരിശോധനയ്ക്ക് ഹാജരാക്കാതെ മാറ്റിയിരുന്ന അപകടത്തിൽപ്പെട്ട ബസ് കൊപ്പം ഭാഗത്ത് നിന്ന് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു.
അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസും അധികൃതർ പിടിച്ചെടുത്തു. എംവിഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സ്കൂളിലെത്തിയപ്പോൾ അപകടത്തിൽപ്പെട്ട ബസ് അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് വാഹനം കണ്ടെത്തിയത്. സ്കൂളിലെ ആറ് വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ അവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. ഫിറ്റ്നസ് പരിശോധനയ്ക്ക് ആവശ്യമായ ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വാഹനങ്ങളിൽ സ്ഥാപിച്ചിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളിന് 30,000 രൂപ പിഴ ചുമത്തി. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികളുമായി യാത്ര ചെയ്യുന്നതിനിടെ ബസിന്റെ ഹൈഡ്രോളിക് സംവിധാനമുള്ള വാതിൽ അടർന്നു വീണതാണ് സംഭവം. സംഭവത്തിൽ കൂടുതൽ പരിശോധനയും നടപടികളും തുടരുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.






