ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശദീകരണവുമായി രംഗത്തെത്തി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിക്കത്ത് സമർപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
തനിക്ക് വാഗ്ദാനം ചെയ്ത വകുപ്പ് ലഭിച്ചില്ലെന്നാരോപിച്ച് രാമലിംഗ റെഡ്ഡി വാട്‌സ്ആപ്പിലൂടെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് അയച്ചിരുന്നു. ബെംഗളൂരു വികസന വകുപ്പ് നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ജലസേചന വകുപ്പ് നൽകിയെന്നാണ് റെഡ്ഡിയുടെ പരാതി. ഈ നടപടി സർക്കാരിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും അതൃപ്തികൾക്കും വഴിവെച്ചു.
രാജിക്കത്ത് ലഭിച്ചതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി ഡി.കെ. ശിവകുമാർ രാമലിംഗ റെഡ്ഡിയുമായി രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചെന്നും അനാവശ്യ അഭ്യൂഹങ്ങൾക്ക് ഇടവരുത്തരുതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
“രാമലിംഗ റെഡ്ഡി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം വാട്‌സ്ആപ്പിലൂടെയാണ് രാജി അയച്ചത്, എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഒത്തുതീർന്നിട്ടുണ്ട്,” എന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.
അതേസമയം, മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ മറ്റ് ചില മന്ത്രിമാരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ലഭിച്ച കെ.എച്ച്. മുനിയപ്പ, താൻ മുതിർന്ന നേതാവായതിനാൽ കൂടുതൽ പ്രാധാന്യമുള്ള വകുപ്പ് അർഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി സേവനം ചെയ്യാൻ കഴിയുന്ന വകുപ്പ് നൽകണമെന്ന് നേതൃത്വത്തോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് കൈവശം വച്ചിരിക്കുന്ന മന്ത്രി സതീഷ് ജാർക്കിഹോളി, കെപിസിസി അധ്യക്ഷസ്ഥാനം കൂടി ലഭിക്കണമെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിൽ വെച്ചതായി അറിയിച്ചു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ലാത്തതും സർക്കാരിനെതിരെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആദ്യഘട്ട മന്ത്രിസഭയിൽ ഒരു വനിതാ മന്ത്രിയെപ്പോലും ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ രംഗത്തെത്തിയിരുന്നു.
വിമർശനങ്ങൾക്ക് മറുപടിയായി, മന്ത്രിസഭയിൽ ഇനിയും ഒഴിവുകൾ നിലനിൽക്കുന്നുണ്ടെന്നും ഭാവിയിലെ മന്ത്രിസഭാ വികസനത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
ജൂൺ 3-നാണ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റത്. മുഖ്യമന്ത്രി ഉൾപ്പെടെ 14 അംഗ മന്ത്രിസഭയാണ് ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. അധികാരമേറ്റതിന് പിന്നാലെ തന്നെ വകുപ്പ് വിഭജനവും പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.






