കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്നു പേരെ പിടികൂടി. മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചിരുന്ന മൂന്നു കുവൈത്ത് പൗരന്മാരെ സൂക്ഷ്മ അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇവരിൽ നിന്ന് 1.5 കിലോഗ്രാം കൊക്കെയ്ൻ, 700 ഗ്രാം ഹാഷിഷ്, 5,000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ ലഹരിവസ്തുക്കൾ തൂക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ മംഗഫ് പ്രദേശത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് കലർത്തിയ 140 എ4 പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി ദ്രാവകം, കൂടാതെ രണ്ട് ഡിജിറ്റൽ ത്രാസുകളും കണ്ടെത്തി.
പിടിയിലായ പ്രതികളെയും ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.






