ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ എണ്ണ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് ഉയർന്ന തീയും കറുത്ത പുകയും പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു.
ബിറ്റുമിൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റർമീഡിയറ്റ് ഉൽപ്പന്നമായ റഫ് പിച്ച് ഓയിൽ സൂക്ഷിച്ചിരുന്ന ടാങ്കിന് സമീപമാണ് തീ പടർന്നത്. സംഭവസ്ഥലത്ത് സ്ഫോടനം നടന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ അധികൃതർ പരിശോധന ശക്തമാക്കി.
എന്നാൽ എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവാണെന്നാണ് എച്ച്.പി.സി.എൽ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. റിഫൈനറിയിലെ സുരക്ഷാ വിഭാഗവും അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. തീ ടാങ്കിന് സമീപം തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ റിഫൈനറിയിലെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശംഖബ്രത ബാഗ്ചി അറിയിച്ചു.
അപകടത്തിൽ ഇതുവരെ ആർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് സംഘത്തെയും വിന്യസിച്ചു.



