തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിൽ കടുത്ത അതൃപ്തി. സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലംമാറ്റം നടത്തിയതെന്നാണ് പ്രധാന വിമർശനം. കോടതി നിർദേശങ്ങൾ മറികടന്നാണ് സർക്കാർ നടപടിയെന്നും ആരോപണമുയർന്നിട്ടുണ്ട്.
സിവിൽ സർവീസ് ബോർഡ് ചേരാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനെതിരെ ബി. അശോക് കോടതിയെ സമീപിച്ചിരുന്നു. ബോർഡ് യോഗം ചേർന്നതിന് ശേഷം മാത്രമേ സ്ഥലംമാറ്റം നടത്താവൂ എന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കാതെയാണ് മണിക്കൂറുകൾക്കുള്ളിൽ സ്ഥലംമാറ്റ ഉത്തരവിറക്കിയതെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വലിയ അഴിച്ചുപണി നടന്നത്. എം.ജി. രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി. എൻ. പ്രശാന്തിനാണ് പുതിയ കെഎസ്ഇബി ചെയർമാന്റെ ചുമതല.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷർമിള മേരി ജോസഫിനെയും മാറ്റി. പകരം മുഹമ്മദ് ഹനീഷിന് ചുമതല നൽകി. കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലത്തെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു. സ്ഥലംമാറ്റ നടപടികൾ ചട്ടപ്രകാരമാണോ എന്നതിനെച്ചൊല്ലി ഉദ്യോഗസ്ഥതലത്തിൽ വിമർശനം ശക്തമായിരിക്കുകയാണ്.



