കൽപ്പറ്റ: വാഴവറ്റയിലെ എടത്തിൽ ആദിവാസി ഉന്നതിയിൽ അമ്മിണി എന്ന സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അയൽവാസിയായ വയോധികയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28-ന് രാത്രിയിൽ മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ.
അമ്മിണിയും ഭർത്താവും മദ്യപിച്ചെത്തി അയൽവാസിയായ വയോധികയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഇവരെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അമ്മിണി വയോധികയുടെ മുടിയിൽ പിടിച്ച് വലിച്ചതോടെ ഇവർ അമ്മിണിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിറ്റേന്ന് രാവിലെയാണ് അമ്മിണി മരിച്ചതായി വ്യക്തമായത്.
ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ മൃതദേഹം ആശുപത്രിയിലെത്തിച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ വയോധികയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.



