സോളുഖുംബു: നേപ്പാളിലെ പ്രശസ്ത മലയോര ജില്ലയായ സോളുഖുംബുവിൽ രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ഫെരിചെ ഹെലിപാഡിലാണ് അപകടമുണ്ടായത്. മരിച്ചത് വിദേശിയാണെന്നാണ് പ്രാഥമിക വിവരം. ഫിഷ്ടെയിൽ എയറിന്റെയും ഡിനാസ്റ്റി എയറിന്റെയും ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്.
മഞ്ഞുപാളികൾക്ക് മുകളിലുള്ള ഫെരിചെ ഹെലിപാഡിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്ടറുകളുടെയും റോട്ടർ ബ്ലേഡുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്ടറുകൾ നിലത്തേക്ക് പതിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒരേസമയം രണ്ട് ഹെലികോപ്ടറുകൾ എങ്ങനെയാണ് അപകടകരമായ രീതിയിൽ അടുത്തെത്തിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അപകടത്തിൽ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഹെലികോപ്ടറിൽ ലുക്ലയിലെത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ വ്യോമമാർഗം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
നേപ്പാളിലെത്തുന്ന വിനോദസഞ്ചാരികളുടെയും പർവതാരോഹകരുടെയും യാത്രകൾക്കും അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്.




