കൊച്ചി: ഫോർട്ട്കൊച്ചിയിൽ വാറന്റ് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തെറ്റായ വീട്ടിലേക്ക് വഴിതിരിച്ചുവിട്ടത് പ്രതിയുടെ ബന്ധുവാണെന്ന് സൂചന. കട്ടപ്പനയിൽ നിന്നെത്തിയ എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽ കൃത്യമായി എത്തിയെങ്കിലും വീട്ടിലുണ്ടായിരുന്ന ബന്ധു തൊട്ടടുത്ത വീട് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഇതോടെ ഉദ്യോഗസ്ഥർ അടുത്ത വീട്ടിലെത്തി പരിശോധന നടത്താൻ ശ്രമിച്ചു. എന്നാൽ വീട്ടിൽ ഉണ്ടായിരുന്നത് ഒരു സ്ത്രീ മാത്രമായിരുന്നു. പരിശോധനയ്ക്കിടെ വീട്ടമ്മയും എക്സൈസ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. ഈ സമയത്ത് യഥാർഥ പ്രതി രക്ഷപ്പെട്ടെന്നാണ് വിവരം.
സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വീട്ടമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.
അതേസമയം, തെറ്റായ വീട് കാണിച്ച് ഉദ്യോഗസ്ഥരെ വഴിതെറ്റിച്ചയാൾക്കെതിരെ കേസെടുക്കാൻ പോലീസിന് കഴിയും. എന്നാൽ ഇതിന് എക്സൈസ് വകുപ്പിന്റെ പരാതി ആവശ്യമാണ്. ഇത്തരമൊരു പരാതി നൽകാൻ എക്സൈസ് വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.




