മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മാറിയേക്കുമെന്ന് റിപ്പോർട്ട്. താരത്തെ കൈമാറുന്നത് സംബന്ധിച്ച് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയതായാണ് സ്പോർട്സ്റ്റാറിന്റെ റിപ്പോർട്ട്.
ഹാർദിക്കിന് പകരമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെയും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെയും മുംബൈയ്ക്ക് കൈമാറാനാണ് ധാരണയെന്നാണ് വിവരം. താരങ്ങളെ നിലനിർത്തുന്നവരുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതിയായ നവംബർ 17ന് മുമ്പ് ഇരു ഫ്രാഞ്ചൈസികളും കരാറിൽ ഒപ്പുവെച്ചേക്കും. ഈ ആഴ്ച അവസാനത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കത്തെ തുടർന്നാണ് ഹാർദിക്കിനായി പഞ്ചാബ് കിങ്സ് ചർച്ചകൾ ആരംഭിച്ചതെന്നാണ് വിവരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നിവയുൾപ്പെടെ മൂന്ന് ഫ്രാഞ്ചൈസികളുമായി മുംബൈ താരക്കൈമാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ പഞ്ചാബുമായുള്ള ചർച്ചകളാണ് ഇപ്പോൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നത്.
ഹാർദിക് ടീമിലെത്തുന്നതോടെ പഞ്ചാബ് നിരയിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്റെ പങ്ക് കുറഞ്ഞേക്കും. ഇതിന്റെ ഭാഗമായി ലഖ്‌നൗ സൂപ്പർ ജയന്റ്സ് പേസർ മൊഹ്‌സിൻ ഖാനെ സ്വന്തമാക്കാൻ സ്റ്റോയിനിസിനെ കൈമാറുന്ന കാര്യവും പഞ്ചാബ് പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയത്. 2022ൽ ഗുജറാത്തിനെ ഐപിഎൽ ചാമ്പ്യന്മാരാക്കിയ നായകനെന്ന മികവുമായാണ് താരം മുംബൈയുടെ നായകസ്ഥാനം ഏറ്റെടുത്തത്.
എന്നാൽ മുംബൈ നായകനെന്ന നിലയിൽ തുടർന്നുള്ള മൂന്ന് സീസണുകളിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ഹാർദിക്കിന് സാധിച്ചില്ല. ഒരു തവണ പ്ലേ ഓഫിലെത്തിയെങ്കിലും രണ്ട് സീസണുകളിൽ ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.
2025ലെ മെഗാ ലേലത്തിന് മുന്നോടിയായി ഒഴിവാക്കപ്പെട്ട അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് ഉപയോഗിച്ചാണ് പഞ്ചാബ് തിരിച്ചെത്തിച്ചത്.
താരക്കൈമാറ്റം യാഥാർഥ്യമായാൽ ഇന്ത്യൻ ടി20 ടീമിലെ പ്രധാന പേസറായ അർഷ്ദീപ് സിങ്ങിനും മലയാളി താരം വിഷ്ണു വിനോദിനും അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നീലക്കുപ്പായത്തിൽ കളിക്കാനാകും.
എന്നാൽ ഹാർദിക് പാണ്ഡ്യയുടെ കൂടുമാറ്റം സംബന്ധിച്ച് ഫ്രാഞ്ചൈസികളുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.



