തിരുവനന്തപുരം: ക്ലിഫ് ഹൗസ് നവീകരണത്തിനായി ഒരു കോടി 23 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകി പൊതുമരാമത്ത് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നാണ് നടപടി.
ഒക്ടോബർ 30-നാണ് ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ അറിവില്ലാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വിവരം. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലുകളോ നിർമാണപ്രവർത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. അത്യാവശ്യമായ നവീകരണപ്രവർത്തനങ്ങൾ മാത്രം മതിയെന്നായിരുന്നു നിലപാട്.
2022 മുതൽ തയ്യാറാക്കിയ സുരക്ഷാ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഉത്തരവ് ഇറക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമാണപ്രവർത്തനങ്ങൾ നടത്തേണ്ടതില്ലെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ നിർദേശം മറികടന്ന് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടിയത്. ഇതിന് പിന്നാലെയാണ് നിർമാണപ്രവർത്തനങ്ങൾക്കുള്ള ഉത്തരവ് റദ്ദാക്കിയത്.


