ന്യൂഡൽഹി: ഡീൽ ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ച നടത്താമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. ഇൻഡ്യ സഖ്യ യോഗത്തിന് ശേഷമോ വൈകുന്നേരത്തോടെയോ വിഷയം ചർച്ച ചെയ്യാമെന്ന് അദ്ദേഹം സിപിഐഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു.
എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ ചർച്ചയിൽ പങ്കെടുക്കാനാകൂ എന്ന നിലപാടാണ് ജോൺ ബ്രിട്ടാസ് അറിയിച്ചത്. ഇൻഡ്യ മുന്നണി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപിയാണ് പങ്കെടുത്തത്.
യോഗത്തിനിടെ സിപിഐഎം–ബിജെപി “ഡീൽ” സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ പരാമർശം ജോൺ ബ്രിട്ടാസ് ശക്തമായി ഉന്നയിക്കുകയും അതിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഈ നിലപാടിനെ സിപിഐ നേതാവ് ഡി. രാജയും പിന്തുണച്ചു.
അതേസമയം, വിമർശനം ഉൾക്കൊള്ളുന്നതായി രാഹുൽ ഗാന്ധി യോഗത്തിൽ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.






