മലപ്പുറം: ഓട്ടോ റിക്ഷയുടെ മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യവുമായി ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്. നിലവിലെ നിരക്ക് വർധിപ്പിച്ച് മിനിമം ചാർജ് 50 രൂപയും, അതിന് ശേഷം ഓരോ കിലോമീറ്ററിനും 25 രൂപയും ഈടാക്കാൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇന്ധനവിലയും വാഹന പരിപാലന ചെലവും വർധിച്ച സാഹചര്യത്തിലാണ് നിരക്ക് കൂട്ടണമെന്ന ആവശ്യം ശക്തമായത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും തൊഴിലാളി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. സിഐടിയുവും അഖില കേരള സ്വതന്ത്ര ഓട്ടോതൊഴിലാളി യൂണിയനുമാണ് സമരപരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചാർജ് വർധനവ് ആവശ്യപ്പെട്ട് ഈ മാസം 16-ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് സിഐടിയു അറിയിച്ചു. വിവിധ ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. സർക്കാർ ഉടൻ അനുകൂല തീരുമാനം കൈക്കൊള്ളാത്തപക്ഷം സമരം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.






