ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ‘ചലോ ഡൽഹി’ മാർച്ചും രാംലീല മൈതാനത്തെ റാലിയും നടക്കുന്ന ദിവസം ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ കടകൾ ബി.ജെ.പി ബലമായി അടപ്പിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതിലൂടെ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും രാഹുൽ ആരോപിച്ചു. റാലിക്കെത്തുന്നവർ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിച്ചിട്ടും കടകൾ അടപ്പിച്ചത് കച്ചവടക്കാരെ സാരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെത്തുന്ന പ്രതിഷേധക്കാർ പ്രാദേശിക വിപണികളിൽനിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കണമെന്ന് ഞായറാഴ്ച ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊണാട്ട് പ്ലേസിലെത്തിയപ്പോൾ കടകളെല്ലാം അടഞ്ഞുകിടക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മാർച്ചിനും റാലിക്കുമായി ഇവിടെയെത്തുമ്പോൾ സാധനങ്ങൾ വാങ്ങാനും ഷോപ്പിങ് നടത്താനും എല്ലാവരോടും ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ കൊണാട്ട് പ്ലേസിലെത്തിയപ്പോൾ ബി.ജെ.പി ഓരോ കടയും ബലമായി അടപ്പിച്ചതായി കണ്ടെത്തി. വ്യാപാരികൾക്ക് ആരാണ് നഷ്ടമുണ്ടാക്കുന്നതെന്നും അത് എങ്ങനെയാണെന്നും നിങ്ങൾ അറിയണം’ എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്.
ശനിയാഴ്ച വൈകീട്ട് പങ്കുവെച്ച വീഡിയോ സന്ദേശത്തിലും ഉത്സവകാലത്ത് ചെറുകിട വ്യാപാരങ്ങളെ പിന്തുണയ്ക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡൽഹിയിലെത്തുന്നവരോട് രാഹുൽ അഭ്യർഥിച്ചിരുന്നു. പ്രതിഷേധത്തിനും മാർച്ചിനും റാലിക്കും ഒപ്പം ഷോപ്പിങ്ങും നടത്തുന്നത് വ്യാപാരികൾക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നിലെ പ്രതിഷേധം ഉത്സവകാലം അവസാനിച്ചതിന് ശേഷം നടത്തണമെന്ന് രാഹുൽ ഗാന്ധിയോടും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോടും വ്യാപാരി സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉത്സവകാലത്തെ കച്ചവടത്തെ പ്രതിഷേധം ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് സദർ ബസാർ ട്രേഡേഴ്‌സ് അസോസിയേഷനും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.




