ഹൈദരാബാദ്: ഹൈദരാബാദിൽ സംശയത്തെ തുടർന്ന് റിയൽ എസ്റ്റേറ്റ് വ്യവസായി രണ്ടാംഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. മാരുതിനഗർ സ്വദേശിയായ ഡി. അരുൺ കുമാർ (48) ആണ് രണ്ടാംഭാര്യ നിഷ റാണിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ബുധനാഴ്ച പുലർച്ചെ അരുൺകുമാറിന്റെ വീട്ടിലായിരുന്നു സംഭവം. ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വേർപിരിഞ്ഞ് താമസിച്ചിരുന്ന ഇരുവരും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന പേരിൽ ചൊവ്വാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസാരത്തിനിടെയാണ് അരുൺകുമാർ നിഷ റാണിക്കുനേരെ വെടിയുതിർത്തത്.
സംഭവസമയത്ത് മറ്റൊരാളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം ഇരുവരും രക്ഷപ്പെട്ടെങ്കിലും അരുൺകുമാറിനെ പിന്നീട് പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
അരുൺകുമാറിന്റെ ആദ്യഭാര്യയുടെ സഹോദരിയാണ് നിഷ റാണി. ആദ്യഭാര്യയുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെ അഞ്ച് വർഷം മുമ്പാണ് അരുൺകുമാർ നിഷയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും നിഷയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് തർക്കങ്ങൾക്ക് കാരണമായിരുന്നതെന്നും പൊലീസ് പറഞ്ഞു.
ബിഹാറിലെ മുംഗേറിൽ നിന്ന് സംഘടിപ്പിച്ച അനധികൃത പിസ്റ്റൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയെ കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് അരുൺകുമാർ ആയുധം സംഘടിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇതേ തോക്കുമായി മാർച്ചിൽ അരുൺകുമാറും രണ്ട് കൂട്ടാളികളും പിടിയിലായിരുന്നെങ്കിലും ആയുധനിയമപ്രകാരം കേസെടുത്ത ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
അനധികൃത ആയുധ നിർമാണത്തിന് കുപ്രസിദ്ധമായ ബിഹാറിലെ മുംഗേറിൽ നിന്ന് മുമ്പും നിരവധി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച തോക്കുകൾ എത്തിച്ചിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. 2021-ൽ കേരളത്തെ നടുക്കിയ മാനസ കൊലക്കേസിലും പ്രതി രഖിൽ ഉപയോഗിച്ച തോക്ക് മുംഗേറിൽ നിന്നാണ് സംഘടിപ്പിച്ചിരുന്നത്.






