തൊടുപുഴ: ചിന്നക്കനാലിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായ കാട്ടാന ആക്രമണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. മൂന്നാർ ഡിഎഫ്ഒയ്ക്ക് ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. കാട്ടാനകൾക്ക് സഞ്ചരിക്കാൻ വേണ്ട ആനത്താരകൾ ഇല്ലാത്തത് ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കണമെന്ന് കമ്മിഷൻ പറഞ്ഞു. ആക്രമണം തടയാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
ജൂൺ 9ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരവും അനന്തരാവകാശികളുടെ വിവരങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഭർത്താവ് മരിച്ചതോടെ രണ്ട് കുട്ടികൾ അനാഥരായതും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
കുട്ടികളുടെ പരിപാലനവും വിദ്യാഭ്യാസവും സംബന്ധിച്ച് പട്ടികവർഗ വികസന വകുപ്പ് അല്ലെങ്കിൽ ബോർഡിങ് സ്കൂളുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിവരങ്ങളും പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ജില്ലാ കലക്ടറുടെ പ്രതിനിധി, ഡിഎഫ്ഒയുടെ പ്രതിനിധി എന്നിവർ ജൂലൈ 15ന് തൊടുപുഴ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കമ്മിഷൻ അറിയിച്ചു.






