മലപ്പുറം: കരുളായി വനമേഖലയിൽ വനംവകുപ്പ് പ്ലാന്റേഷൻ ജോലിക്കെത്തിയ തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. മൂത്തേടം ബാലങ്കുളത്തെ വടക്കേത്തല സൈനബ (62)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏകദേശം 8.30 ഓടെയായിരുന്നു സംഭവം.
ശങ്കരക്കോട് പ്രദേശത്ത് പുതിയ പ്ലാന്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. തേക്ക് തൈകൾ നട്ട് കുഴിയെടുക്കുന്നതടക്കമുള്ള ജോലികൾക്കായി സൈനബ ഉൾപ്പെടെയുള്ള തൊഴിലാളികൾ വനത്തിനുള്ളിൽ എത്തിയിരുന്നു.
ചീനിക്കുന്ന് ഭാഗത്ത് നിന്ന് വനത്തിലേക്ക് പ്രവേശിച്ച് കുറച്ച് ദൂരം മുന്നേറിയപ്പോഴാണ് കാട്ടാന മുന്നിലേക്ക് എത്തിയത്. അപകടഭീതിയിൽ തൊഴിലാളികൾ ചിതറിയോടിയെങ്കിലും ആന സൈനബയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഓടിയെത്തിയ സൈനബയെ കാട്ടാന തള്ളിയിടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സഹപ്രവർത്തകരും വനപാലകരും ചേർന്ന് സൈനബയെ ആദ്യം എടക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വാരിയെല്ലിനും ശ്വാസകോശത്തിനുമടക്കം ആന്തരിക പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
എല്ലാ ദിവസവും കരാറുകാരുടെ വാഹനത്തിലാണ് തൊഴിലാളികൾ പണിസ്ഥലത്ത് എത്താറുള്ളത്. എന്നാൽ ബുധനാഴ്ച വാഹനത്തിന്റെ കുറവ് കാരണം കുറച്ച് തൊഴിലാളികളെ ആദ്യം കൊണ്ടുപോവുകയായിരുന്നു. ബാക്കിയുള്ളവർ നടന്ന് പോവുന്നതിനിടെയാണ് സംഭവമുണ്ടായത്. അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




