മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പ് തുടങ്ങിയതിന് പിന്നാലെ സ്റ്റേഡിയങ്ങളിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ ചർച്ചയാകുന്നു. ഉദ്ഘാടന മത്സരം നടന്ന മെക്‌സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ 80,000-ത്തിലധികം കാണികൾ എത്തിയിരുന്നെങ്കിലും, അന്ന് തന്നെ നടന്ന ഗ്വാഡലഹാരയിലെ ദക്ഷിണ കൊറിയ-ചെക്ക് റിപ്പബ്ലിക് മത്സരത്തിൽ ഗാലറികൾ പലയിടത്തും ഒഴിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ നടന്ന കാനഡ – ബോസ്‌നിയ മത്സരത്തിലും ഗാലറികൾ പലതും ഒഴിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു.
ഇതോടെ ലോകകപ്പ് ടിക്കറ്റുകളുടെ നിരക്ക് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. കാൽപന്ത് പ്രേമികളുടെ നാടായ ഗ്വാഡലഹാരയിൽ കളികാണാൻ ആളില്ലാത്തത് ടിക്കറ്റ് വിലയും യാത്രാച്ചെലവും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലപ്പുറമാണെന്ന വിമർശനം ശരിവെക്കുന്നു.
ഗ്വാഡലഹാരയിലെ സ്റ്റേഡിയത്തിന് ഏകദേശം 46,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 44,985 പേർ പങ്കെടുത്തു എന്ന് പറയുമ്പോഴും ഗാലറികളിൽ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ കാണാമായിരുന്നു. ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ഫിഫയ്‌ക്കെതിരേ വിമർശനമുണ്ടായിരുന്നു. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ടിക്കറ്റ് നിരക്കുകളെന്നായിരുന്നു വിമർശനം. ടിക്കറ്റ് വിലയ്ക്ക് പുറമെ, ആതിഥേയ നഗരങ്ങൾക്കിടയിലുള്ള യാത്രാ ചെലവും താമസ സൗകര്യങ്ങൾക്കുള്ള അമിത നിരക്കും ആരാധകരെ വലയ്ക്കുന്നുണ്ട്.






