ഷാർജ: പിസ ഓർഡർ ചെയ്യാനെന്ന വ്യാജേന എമർജൻസി നമ്പറിലേക്ക് വിളിച്ച യുവതിയുടെ ജീവൻ രക്ഷിച്ച് ഷാർജ പൊലീസ്. കോൾ തെറ്റിയെത്തിയതാണെന്ന് കരുതി അവഗണിക്കാതെ, സാഹചര്യം കൃത്യമായി മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ഷാർജ പൊലീസ് എമർജൻസി ലൈനിൽ ഡ്യൂട്ടിയിലായിരുന്ന ഖാമിസ് എന്ന ഉദ്യോഗസ്ഥനാണ് യുവതിയുടെ പരിഭ്രാന്തി തിരിച്ചറിഞ്ഞത്. യുവതിക്ക് തുറന്ന് സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം, പിസ ഓർഡർ സ്വീകരിക്കുന്നതുപോലെ സംഭാഷണം തുടർന്നു. എത്ര പിസ വേണമെന്ന് ചോദിച്ചപ്പോൾ “ഒന്ന്” എന്നും, കൂൾ ഡ്രിങ്ക്സ് വേണോയെന്ന ചോദ്യത്തിന് “രണ്ട്” എന്നും യുവതി മറുപടി നൽകി. തുടർന്ന് ലൊക്കേഷൻ മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭർത്താവിന്റെ അതിക്രമത്തിന് ഇരയായ നിലയിലായിരുന്നു യുവതി. ഭർത്താവ് സാധാരണ മാനസികാവസ്ഥയിലായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഷാർജ പൊലീസ് കമ്മ്യൂണിക്കേഷൻ ഓപ്പറേഷൻസ് വിഭാഗം മേധാവി ക്യാപ്റ്റൻ മാജിദ് അൽ ബാസ് ആണ് സംഭവം വെളിപ്പെടുത്തിയത്.
അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നവരുടെ കോഡ് സൂചനകൾ തിരിച്ചറിയുന്നതിന്റെയും അതിവേഗ പ്രതികരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഷാർജയിൽ അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിലും അത്യാവശ്യമല്ലാത്ത സേവനങ്ങൾക്ക് 901 എന്ന നമ്പറിലും പൊലീസിനെ ബന്ധപ്പെടാം.






