കൊച്ചി: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും പദ്ധതിയുടെ ഭാഗമായി പണം കൈപ്പറ്റിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം സത്യവിരുദ്ധമാണെന്നും സിപിഎം നേതാവ് കെ.എൻ. ബാലഗോപാൽ എംഎൽഎ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിയുടെ ധാരണാപത്രത്തിൽ 2025 ഒക്ടോബർ 23ന് എൽഡിഎഫ് സർക്കാർ ഒപ്പുവച്ചിരുന്നുവെന്നും പാഠ്യപദ്ധതിയിലോ പാഠപുസ്തകങ്ങളിലോ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയോടെയായിരുന്നു ഒപ്പുവെപ്പെന്നും ബാലഗോപാൽ പറഞ്ഞു. തുടർന്ന് രാഷ്ട്രീയ തീരുമാനം അനുസരിച്ച് നവംബർ 12ന് പദ്ധതിയിൽ നിന്ന് പിന്മാറിയതായി കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിനെയും ബിജെപിയെയും വിമർശിച്ച ബാലഗോപാൽ, തെരഞ്ഞെടുപ്പിൽ ഇരുവർക്കുമിടയിൽ ധാരണ ഉണ്ടായിരുന്നുവെന്നാരോപിച്ചു. സർവകലാശാലകളിൽ ബിജെപിയുമായി ബന്ധമുള്ള നിയമനങ്ങൾ നടക്കുന്നതായും ആർഎസ്എസ് സ്വാധീനം ഭരണരംഗത്ത് കടന്നുകയറുന്നതായും അദ്ദേഹം ആരോപിച്ചു.
പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള തസ്തികകളിലും ആർഎസ്എസ് നോമിനികൾ എത്തുന്നുവെന്നും തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ ബിജെപിക്ക് ഭരണസ്വാധീനം ലഭിക്കുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും ബാലഗോപാൽ ഫേസ്ബുക്കിൽ ആരോപിച്ചു.




