ബെംഗളൂരു: തിരക്കേറിയ നഗരമധ്യത്തിൽ വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിലൊരാൾ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരു പാദരായണപുര സ്വദേശിയായ ജുനൈദ് (18) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ അർബാസ് (21) അറസ്റ്റിലായി.
ബെംഗളൂരു നഗരത്തിലെ മജസ്റ്റിക്കിന് സമീപമുള്ള കബ്ബൺപേട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം. കാൽനടയായി പോകുകയായിരുന്ന ഒരു അഭിഭാഷകന്റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ ജുനൈദും അർബാസും ചേർന്ന് തട്ടിയെടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
മോഷണം നടന്നതോടെ അഭിഭാഷകനും സമീപവാസികളും ബഹളം വച്ചു. ഇതേസമയം ചുമടുമായി അതുവഴി എത്തിയ ഒരാൾ തലയിൽ ചുമന്നിരുന്ന ചാക്കുകെട്ട് മോഷ്ടാക്കളുടെ ബൈക്കിന് നേരെ എറിഞ്ഞു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തിന് പിന്നാലെ ജുനൈദും അർബാസും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുറച്ച് ദൂരം പിന്നിട്ടപ്പോൾ ജുനൈദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ജുനൈദിന് മുൻപ് ഹൃദ്രോഗമുണ്ടായിരുന്നുവെന്നും ഇതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ അർബാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് തുടർനടപടികൾ ആരംഭിച്ചു.




