ന്യൂയോർക്ക്: ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ഇന്ന് കളത്തിലിറങ്ങുന്നു. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് എതിരാളികൾ. ഉറുഗ്വായ്, ബെൽജിയം ടീമുകളും ആദ്യ ജയം തേടി ഇന്നിറങ്ങും.
ലോകകപ്പ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നായി എത്തിയ സ്പെയിൻ പക്ഷേ ആദ്യ മത്സരത്തിൽ കേപ് വെർദെയുടെ പ്രതിരോധത്തിന് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. പന്ത് കൈവശം വെച്ച് ആധിപത്യം ഉറപ്പിച്ചിട്ടും ഗോളടിക്കാനാകാത്തത് ടീമിന് തിരിച്ചടിയായി. സൗദിക്കെതിരെ ഇറങ്ങുമ്പോൾ ഗോളടിക്കുക എന്നതാകും സ്പാനിഷ് പടയുടെ മുന്നിലെ വെല്ലുവിളിയും. കൗമാര താരം ലമീൻ യമാൽ ഇന്ന് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. ശക്തരായ ഉറുഗ്വായെ സമനിലയിൽ പിടിച്ചുകെട്ടിയ സൗദി അറേബ്യയെ മറികടക്കുക സ്പെയിനിന് അത്ര എളുപ്പമാകില്ല.






