ന്യൂഡൽഹി: ലോകം ഫുട്ബോൾ ലോകകപ്പിന്റെ പിന്നാലെ പോകുമ്പോൾ പേരുമാറ്റൽ നീക്കവുമായി ഇന്ത്യ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്ന പേരുമാറ്റാൻ നീക്കവുമായി എഐഎഫ്എഫ്. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് (എഫ്എഫ്ബി) എന്ന പേരിലേക്കു മാറുന്നതിനായി കായിക മന്ത്രാലയത്തെ സമീപിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു. 1937 ജൂൺ 23 മുതൽ നിലവിലുള്ള പേരാണ് ശനിയാഴ്ച പ്രത്യേക ജനറൽ ബോഡി യോഗം ചേർന്നു മാറ്റാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ സീസണുകളിൽ ഇന്ത്യയുടെ ഫുട്ബോൾ ഗ്രാഫ് കുത്തനെ താഴോട്ടാണ് പോകുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യ റൗണ്ടിൽ ഇന്ത്യ തോറ്റു പുറത്തായിരുന്നു. 2027ലെ എഎഫ്സി യോഗ്യതാ റൗണ്ടിൽ വീണു. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ കപ്പിനും യോഗ്യത നേടാതിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുതൽ ടീമുകൾക്ക് മൂന്ന് വിദേശ താരങ്ങളെയും ഒരു ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശം വയ്ക്കുന്ന താരത്തെയും ഇറക്കാൻ നിർദേശം നല്‍കാനും ഫെഡറേഷൻ തീരുമാനമെടുത്തു. കളി നിലവാരം മെച്ചപ്പെടുത്തുന്നതിന് പകരം പേര് മാറ്റാൻ താൽപര്യം കാണിക്കുന്നതിനെതിരെ ഫുട്ബോൾ പ്രേമികൾ രംഗത്ത് വന്നിട്ടുണ്ട്.






