മുംബൈ: ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത മൈസൂർ മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ ബോറിവലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പരാതി കൈമാറി.
രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവാണ് ദോശയിൽ ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ദോശയുടെ പകുതിയോളം കഴിച്ച ശേഷമാണ് മസാലയ്ക്കുള്ളിൽ എലിയെ കണ്ടതെന്നാണ് പരാതി.
സംഭവത്തിൽ പ്രകോപിതനായ ഉപഭോക്താവ് ദോശയുടെയും എലിയുടെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഹോട്ടൽ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് ആരോപണം. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
പിന്നാലെ ബോറിവലി പൊലീസ് സ്റ്റേഷനിലെത്തി ഹോട്ടലിനും ജീവനക്കാർക്കുമെതിരെ ഔദ്യോഗിക പരാതി നൽകി. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിലെ അടുക്കളയും പരിസരവും പരിശോധിക്കാൻ നടപടി ആരംഭിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




