മുംബൈ: മുംബൈയിൽ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായി. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും മരങ്ങൾ വീണുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. ഇതോടെ റോഡുകൾ വെള്ളത്തിനടിയിലായി, റെയിൽ ഗതാഗതവും സാരമായി ബാധിച്ചു.
രാം മന്ദിർ, കൊളാബ, സാന്താക്രൂസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. രാം മന്ദിറിൽ 224 മില്ലിമീറ്റർ മഴയും, കൊളാബയിൽ 218.5 മില്ലിമീറ്ററും, സാന്താക്രൂസിൽ 210.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
മഴയെ തുടർന്ന് വിക്രോളി വെസ്റ്റിൽ ഒരു കെട്ടിടത്തിന് സമീപമുള്ള മതിൽ തകർന്നു വീണു. ജോഗേശ്വരി–വിക്രോളി ലിങ്ക് റോഡിന് സമീപമായിരുന്നു സംഭവം. മറ്റൊരു സംഭവത്തിൽ മരം കാറിന് മുകളിൽ വീണ് വാഹനം തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ട്രാൻസ്-ഹാർബർ ലൈൻ ഉൾപ്പെടെയുള്ള സെൻട്രൽ റെയിൽവേ സർവീസുകളും വെള്ളക്കെട്ടിനെ തുടർന്ന് തടസ്സപ്പെട്ടു. താനെ–വാഷി റൂട്ടിൽ ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവെക്കേണ്ടി വന്നു. പിന്നീട് വേഗത നിയന്ത്രണങ്ങളോടെ ഗതാഗതം പുനഃസ്ഥാപിച്ചു. നിലവിൽ വെള്ളം ഇറങ്ങിയതായി ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അതേസമയം കാലാവസ്ഥ വകുപ്പ് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.






