ലഖ്‌നൗ: അയോധ്യയിലെ സംഭാവന തട്ടിപ്പ് കേസിൽ എട്ട് പ്രതികളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മൂന്ന് ജീവനക്കാരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ഇപ്പോഴാണ് എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത സഹായി ഉൾപ്പെടെയുള്ള എട്ട് ജീവനക്കാരാണ് അറസ്റ്റിലായത്. ടിനു യാദവ്, അനിരുദ്ധ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര എന്നിവരാണ് പ്രതികൾ.
ചമ്പത്ത് റായിയുടെ അസിസ്റ്റന്റായ ടിനു യാദവിന്റെ പക്കൽ നിന്ന് കാണിക്കവഞ്ചികളുടെ താക്കോൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ പങ്കാളിയായ അനിരുദ്ധ് മിശ്രയുടെ ബന്ധുവായ ലവ്കുശ് മിശ്രയുടെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപ പിടികൂടിയിരുന്നു. മറ്റ് പ്രതികളിൽ നിന്നും പണം കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി.
സംഭാവന കണക്കെടുപ്പിൽ പങ്കെടുത്തവരാണ് കരുണേഷ് പാണ്ഡെയും രാംശങ്കർ മിശ്രയും. ഇവരിൽ രാംശങ്കർ മിശ്രയാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കാണിക്കപ്പെട്ടികളുടെ താക്കോൽ ഇയാളുടെ പക്കൽ നിന്നാണ് കണ്ടെത്തിയതെന്ന് എസ്‌ഐടി അറിയിച്ചു.
200 കോടിയിലധികം രൂപയുടെ തട്ടിപ്പ് അയോധ്യയിൽ നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. ഇതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
വിവാദം ശക്തമായ സാഹചര്യത്തിൽ ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യം ഉയരുന്നുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രി സ്വീകരിക്കുമെന്നാണ് വിവരം. ഇതിനിടെ എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഇന്ന് അയോധ്യ സന്ദർശിക്കും.






