ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ കോളജ് വിദ്യാർഥിനിയെ നടുറോഡിൽ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതും വിവാഹാഭ്യർഥന നിരസിച്ചതുമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് അറിയിച്ചു.
ഉജ്ജയിനിയിലെ ബാപ്പുനഗർ സ്വദേശിനിയായ 19കാരി പൂജയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില നിരീക്ഷിച്ചുവരികയാണ്. കേസിലെ പ്രതിയായ സുനിൽ ജരോലിയയെ സംഭവത്തിന് പിന്നാലെ പൊലീസ് പിടികൂടി. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ പ്രതിയുടെ കാൽ ഒടിഞ്ഞതിനെ തുടർന്ന് ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.
ജോലിക്ക് പോകുന്നതിനിടെയാണ് സുനിൽ പൂജയെ തടഞ്ഞുനിർത്തി കത്തിയുമായി ആക്രമിച്ചത്. നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് വിവാഹത്തിന് സമ്മതിക്കണമെന്ന് പ്രതി നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും, എന്നാൽ താൽപര്യമില്ലാതിരുന്ന പൂജ ഇയാളുടെ ഫോൺകോളുകളും ബന്ധപ്പെടാനുള്ള ശ്രമങ്ങളും തടഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിനിടെ വെറും 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് യുവതിയെ കുത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.






