ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുണ്ടായ ദുരന്തത്തിൽ 14 കുട്ടികൾ മരിച്ചു. കഹ്നയിലെ ബസ്തി ഈദ് ഗായിലുള്ള സ്വകാര്യ ട്യൂഷൻ സെന്ററിലാണ് സംഭവം നടന്നത്.
അപകടത്തിൽ ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ക്ലാസ് നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പഠനം നടക്കുന്നതിനിടെ മേൽക്കൂര പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു.
കെട്ടിടത്തിന്റെ അവസ്ഥ അതീവ മോശമായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പഴയതും ജീർണ്ണിച്ചതുമായ കെട്ടിടത്തിലാണ് ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. നിർമ്മാണ ജോലികൾ നടക്കുന്നതിനിടെ സുരക്ഷാ വീഴ്ചകളാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനമുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.




