തിരുവനന്തപുരം: വാമനപുരത്ത് നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകര തൊഴുക്കൽ തൈത്തോട്ടം സ്വദേശിയായ സാജൻ (29), കാരേറ്റ് മാടൻവിള വീട്ടിൽ സിനു (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച വാമനപുരം ആനാകുടി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ആനാകുടി പൊയ്കമുക്ക് സ്വദേശിനിയായ പ്രശോഭന പോസ്റ്റ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേർ ബൈക്കിൽ എത്തി വഴി ചോദിച്ചത്. വഴി പറഞ്ഞുകൊണ്ടിരിക്കെ വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുത്ത ശേഷം അതിവേഗത്തിൽ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
വീട്ടമ്മ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ചിലർ ബൈക്കുകളിൽ പ്രതികളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
പ്രതികൾ ഉപയോഗിച്ച ബൈക്കിൽ രജിസ്ട്രേഷൻ നമ്പർ ഇല്ലാതിരുന്നതിനാൽ അന്വേഷണം ആദ്യം ദുഷ്കരമായിരുന്നു. എന്നാൽ ശാസ്ത്രീയ അന്വേഷണവും മറ്റ് തെളിവുകളും അടിസ്ഥാനമാക്കി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.
അറസ്റ്റിനിടെ പ്രതികൾ പൊലീസിനെതിരെ അക്രമസ്വഭാവം പ്രകടിപ്പിച്ചതായും സാഹസികമായാണ് ഇവരെ കീഴടക്കിയതെന്നും പൊലീസ് അറിയിച്ചു. ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് പരിചയപ്പെട്ട ഇരുവരും ചേർന്നാണ് മോഷണത്തിന് പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.













