തിരുവനന്തപുരം: തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിന് നേരെ കല്ലേറ്. തമിഴ്‌നാട് അതിർത്തിയായ പുലിയൂർശാഖയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവാണ് ബസിന്റെ മുൻ ചില്ലിലേക്ക് കല്ലെറിഞ്ഞത്. ഇതോടെ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ബസിൽ എട്ട് യാത്രക്കാരുണ്ടായിരുന്നു. മാർത്താണ്ഡത്ത് നിന്ന് പനച്ചുമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്നു ബസ്. ആക്രമണത്തിന് മുമ്പ് ബസ് ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായതായി വിവരം ലഭിച്ചു. യുവാവ് ബസിന് മുന്നിലേക്ക് ബൈക്ക് കൊണ്ട് വട്ടം ചാടിയതിനെ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബസ് പിന്തുടർന്ന് കല്ലെറിഞ്ഞത്. ചുടുകട്ട ഉപയോഗിച്ചാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെളളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











