വാഷിങ്ടൺ: യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ, പോളണ്ടിനെതിരെ റഷ്യ പരിമിതമായ സൈനിക പ്രകോപനം നടത്താൻ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. നാറ്റോയുടെ പ്രതികരണശേഷി പരീക്ഷിക്കാനും യുക്രൈനുള്ള പാശ്ചാത്യ പിന്തുണ ദുർബലപ്പെടുത്താനുമാണ് റഷ്യ ഇത്തരം നീക്കത്തിന് മുതിരാൻ സാധ്യതയെന്നാണ് അമേരിക്ക പോളണ്ടിനെ അറിയിച്ചിരിക്കുന്നത്.
മിസൈൽ ആക്രമണം, ഡ്രോൺ ഉപയോഗിച്ചുള്ള അതിർത്തി ലംഘനം, അല്ലെങ്കിൽ പരിമിതമായ സൈനിക നുഴഞ്ഞുകയറ്റം തുടങ്ങിയ നടപടികൾ റഷ്യയുടെ സാധ്യതാപട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ സമ്മർദതന്ത്രം സ്വീകരിക്കുകയാണെന്നാണ് വിലയിരുത്തൽ.
പോളണ്ട് പ്രസിഡന്റ് കരോൾ നവ്റോക്കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം ഭീഷണികളെക്കുറിച്ച് അമേരിക്ക നേരത്തെയും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്പിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ നിരീക്ഷിക്കുന്നതായും വിവരമുണ്ട്.
പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണം, വ്യാജ വ്യോമാക്രമണ മുന്നറിയിപ്പുകൾ, റഷ്യൻ അല്ലെങ്കിൽ ബെലാറഷ്യൻ സൈനികരുടെ പരിമിത നുഴഞ്ഞുകയറ്റം എന്നിവയും സാധ്യതാപരമായ നടപടികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാറ്റോയുമായുള്ള സമ്പൂർണ യുദ്ധത്തിലേക്ക് കടക്കാതെ തന്നെ സംഘർഷം വർധിപ്പിക്കുന്ന രീതിയിലായിരിക്കും ഇത്തരം നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജിപിഎസ് തകരാർ മൂലം സൈനികർ അബദ്ധത്തിൽ അതിർത്തി കടന്നുവെന്നോ, തകരാറിലായ ഹെലികോപ്റ്റർ തിരിച്ചെടുക്കാനാണ് പ്രവേശിച്ചതെന്നോ വിശദീകരിച്ച് നുഴഞ്ഞുകയറ്റത്തെ അപകടമായി ചിത്രീകരിക്കാനും റഷ്യ ശ്രമിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ നാറ്റോയുടെ പ്രതികരണം വിലയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
നിലവിൽ പാശ്ചാത്യ സൈനിക ശക്തിയെ നേരിടാൻ റഷ്യയ്ക്ക് ശേഷിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ, പോളണ്ട് റഷ്യൻ അല്ലെങ്കിൽ ബെലാറഷ്യൻ സൈനികർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതിരിക്കാൻ അമേരിക്ക സമ്മർദം ചെലുത്തുമെന്ന് കണക്കുകൂട്ടി, സൈനിക ഏറ്റുമുട്ടലിന് പകരം ചർച്ചകളിലൂടെ നേട്ടമുണ്ടാക്കാനാണ് റഷ്യ ശ്രമിക്കാനിടയുള്ളത്. പോളണ്ട് പ്രദേശത്ത് നിന്ന് പിന്മാറുന്നതിനുള്ള നിബന്ധനയായി യുക്രൈനുള്ള പാശ്ചാത്യ സൈനിക സഹായം അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, റഷ്യയും യുക്രൈനും തമ്മിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഇരുപക്ഷത്തും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കീവിന് നേരെയുണ്ടായ വൻ ഡ്രോൺ-മിസൈൽ ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി അറിയിച്ചു.
ഇതിനിടെ, അടുത്തയാഴ്ച തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രൈനായി ഈ വർഷവും അടുത്ത വർഷവും ചേർത്ത് 80 ബില്യൺ ഡോളറിന്റെ സൈനിക സഹായം നൽകാൻ നാറ്റോയിലെ യൂറോപ്യൻ അംഗരാജ്യങ്ങളും കാനഡയും തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.











