ജയ്പൂർ: ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഇന്ത്യയെ സുരക്ഷിതമായി മുന്നോട്ട് നയിക്കാൻ കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയവും നയതന്ത്ര ഇടപെടലുകളും സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകമെമ്പാടും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും കുറവ് ഉണ്ടായില്ലെന്നും, തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 40-ത്തിലധികം രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തതിലൂടെ രാജ്യതാൽപ്പര്യത്തിന് മുൻഗണന നൽകിയതായും അദ്ദേഹം പറഞ്ഞു.
ആഗോള വിലക്കയറ്റം ഉണ്ടായിരുന്നിട്ടും എൽപിജി സിലിണ്ടറുകൾ 950 രൂപയ്ക്ക് നൽകാൻ സർക്കാർ സാധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉജ്ജ്വല യോജന വഴി ദരിദ്രർക്കും സിലിണ്ടറുകൾ ലഭ്യമാക്കിയതിലൂടെ സാധാരണക്കാരുടെ ഭാരം കുറച്ചതായും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ റിഫൈനറി പദ്ധതിയുടെ പുരോഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതിലൂടെ യുവാക്കൾക്ക് വലിയ തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സംസ്ഥാനത്ത് ഏകദേശം 54,000 നിയമന ഉത്തരവുകൾ നൽകിയതായും ജയ്പൂരിൽ മെട്രോ പദ്ധതി വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും കൊണ്ടാണ് പ്രതിസന്ധികളെ മറികടന്നതെന്നും, സർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


